മിയാവാക്കി ചെറുവനത്തിന് തുടക്കമിട്ടു


സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ (Directorate of Environment and Climate Change-DoECC- Government of Kerala) സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന മിയാവാക്കി ചെറുവനത്തിന് തുടക്കമിട്ടു. ഗവ. മെഡിക്കല്‍ കോളേജ് പരിസരത്ത് നടന്ന ചടങ്ങില്‍ മാവിന്‍ തൈ നട്ടുകൊണ്ട് മേയര്‍ ഡോ. ബീന ഫിലിപ്പാണ് ചെറുവനനിര്‍മ്മാണം ഉദ്ഘാടനം ചെയ്തത്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. വി.ആര്‍. രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. പാരിസ്ഥിതികം 2019-20ന്റെ ഭാഗമായി കാളാണ്ടിത്താഴം ദര്‍ശനം സാംസ്കാരികവേദിയാണ് ചെറുവനനിര്‍മ്മാണത്തിന്റെ മേല്‍നോട്ടവും പരിപാലനവും നിര്‍വഹിക്കുന്നത്.
9 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് 3 അടി താഴ്ചയിൽ മണ്ണ് നീക്കി ഉണക്കിപൊടിച്ച ചാണകം, ചകിരിച്ചോർ, ഉമി എന്നിവ തുല്യ അളവിൽ കലർത്തി കുഴി ഒരുക്കിയാണ് ചെറുവന നിര്‍മ്മാണം നടത്തിയത്. 25 ഫലവൃക്ഷത്തൈകള്‍ ഉള്‍പ്പെടെ 36 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു.
വൈസ് പ്രിന്‍സിപ്പാള്‍ ഡോ. പ്രതാപ് സോമനാഥ്, പ്രസ് ക്ലബ് പ്രസിഡന്റ് എം., ഫിറോസ് ഖാന്‍, താലൂക്ക് ലൈബ്രറി കൌണ്‍സില്‍ സെക്രട്ടറി വി. സുരേഷ് ബാബു, കൌണ്‍സിലര്‍ സി.എം. ജംഷീര്‍, ഡോ. എന്‍.എസ്. പ്രദീപ്, ഡോ. കെ.വി. ശ്രുതി, ഡോ. മായാ സുധാകരന്‍, ഡോ. സി. ശ്രീകുമാര്‍, ഡോ. ടി. ഗോപകുമാര്‍, രമേഷ് ബാബു പി., പി.എസ്. ശെല്‍വരാജ്, പ്രൊഫ. വര്‍ഗീസ് മാത്യു, പി.കെ. ശാലിനി, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എം.എ. ജോണ്‍സണ്‍ എന്നിവര്‍ വൃക്ഷത്തൈകള്‍ നട്ടു.
വായു മലിനീകരണതോത് കണ്ടുപിടിക്കുന്നതിനുള്ള സെന്‍സര്‍ മെഡിക്കല്‍ കോളേജില്‍ സ്ഥാപിക്കുന്നതിന്റെ കാര്യങ്ങള്‍ എഞ്ചിനീയര്‍ കെ. അമീന്‍ സാലിം വിശദീകരിച്ചു. ശില്പി ജോസഫ് എം. വര്‍ഗീസ് കല്ലുകള്‍ ഉപയോഗിച്ച് ചെടികള്‍ക്കിടയില്‍ ശില്പം തീര്‍ക്കും. മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ സെക്രട്ടറി രാഹുല്‍ രാജീവ് മിയാവാക്കി ചെറുവനത്തിന്റെ പരിപാലനത്തിനുള്ള പിന്തുണ അറിയിച്ചു.
പാരിസ്ഥിതികം 2019-20ന്റെ ഭാഗമായി നടത്തിയ ജില്ലാ ക്വിസ് മത്സരത്തിലെ വിജയികളായ ചക്കാലക്കൽ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അവന്തിക കെ.കെ, പാര്‍വണ പി.വി., പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ വാണി ലക്ഷ്മി എന്നിവര്‍ക്ക് ചടങ്ങില്‍ മേയര്‍ സമ്മാനദാനം നടത്തി.