ജീവജ്യോതി പദ്ധതി ആരംഭിച്ചു


കോഴിക്കോട് : വൃക്ക മാറ്റ ശസ്ത്രക്രിയാ (ദാതാവിൻ്റേയും സ്വീകർത്താവിൻ്റേയും) ചെലവ് പൂർണ്ണമായും ഏറ്റെടുക്കുന്ന 'ജീവജ്യോതി' പദ്ധതിക്ക് തുടക്കമായി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്നേഹസ്പർശത്തിലൂടെ ഈ പദ്ധതി പൂർണമായും കോഴിക്കോട് ജില്ലകാർക്ക് വേണ്ടിയാണ് നടപ്പാക്കുന്നത്. സർക്കാർ തലത്തിൽ മറ്റ് പദ്ധതികളിൽ ഉൾപ്പെടാത്തതും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും, അടുത്ത ബന്ധുക്കൾ വ്യക്കദാനം ചെയ്യപ്പെടുന്നതുമായവരെ സഹായിക്കുക, ഈ രംഗത്തെ ചൂഷണം അവസാനിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടൊപ്പം ആരുടെ മുന്നിലും കൈ നീട്ടാതെ, നവ മാധ്യമങ്ങളിലൂടെയും മറ്റും ദു:ഖവും ദാരിദ്ര്യവും നിസ്സഹായതയും പ്രദർശിപ്പിക്കപ്പെട്ട് അഭിമാനത്തിന് ക്ഷതമേൽക്കാതെ ഗുണഭോക്താവിനെ സാധാരണ ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്തി കൂടെ നിൽക്കുക കൂടിയാണ് സനേഹസ്പർശം ജീവജ്യോതി. കോഴിക്കോട് ആസ്റ്റർ മിംസ്, ഇഖ്റ ആശുപത്രി, ബേബി മെമ്മോറിയൽ, മെട്രോ ഇൻ്റർനാഷൽ കാർഡിയാക്ക് സെൻ്റർ എന്നീ ആശുപത്രികളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ താക്കോൽദ്വാര ശസ്ത്രക്രിയക്ക് മൂന്ന് ലക്ഷത്തിഅയ്യായിരവും, തുറന്ന ശസ്ത്രക്രിയക്ക് 2 ലക്ഷത്തി 75 ആയിരവുമായി നിജപ്പെടുത്തിയാണ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. ഈ തുക ഗുണഭോക്താവിനു വേണ്ടി ജില്ലാ പഞ്ചായത്തിൻ്റെ സ്നേഹസ്പർശം ഏറ്റെടുക്കും.
ശസ്ത്രക്രിയാ തിയ്യതി മുതൽ ദാതാവിന് 5 ദിവസത്തേയും, സ്വീകർത്താവിന് 10 ദിവസത്തേയും മുറി വാടക, ഇരു സർജ്ജറികളുടെയും ചാർജ്ജ്, ഡോക്ടർ നഴ്സ് ഫീ, സാധാരണ ഗതിയിൽ വൃക്ക മാറ്റ ശസ്ത്രക്രിയക്ക് ഇരുകൂട്ടർക്കും ഉപയോഗിക്കേണ്ടി വരുന്ന മരുന്നുകൾ, സർജ്ജിക്കൽ ഉപകരണങ്ങൾ മറ്റ് ആശുപത്രി സംവിധാനങ്ങൾ ടെസ്റ്റുകൾ എല്ലാം ഈ പദ്ധതിയിൽ ഉൾപ്പെടും. ഇരുവർക്കും മറ്റ് കോബ്ലിക്കേഷൻസ് ഒന്നുമില്ലെങ്കിൽ ഒരു രൂപ പോലും ഗുണഭോക്താവ് നൽകേണ്ടതില്ല.
എന്നാൽ സർജറിക്ക് അഡ്മിറ്റാകുന്നതിനു മുമ്പുണ്ടാക്കുന്ന കോസ് മാച്ചിംഗ് ഉൾപ്പെടെയുള്ള ടെസ്റ്റുകളും മറ്റു ചെലവുകളും ഇതിൽപെടില്ല. മാത്രമല്ല ശസ്ത്രക്രിയാ സമയത്ത് ദാതാവിനോ സ്വീകർത്താവിനോ അസാധാരണമായി ഉണ്ടായേക്കാവുന്ന സങ്കീർണ്ണതകൾ കാരണമുള്ള മരുന്നുകളുടെയോ ടെസ്റ്റ്കളുടേയോ ആശുപത്രി സംവിധാനങ്ങളുടേയോ ചെലവുകളും അധികമായി വരുന്ന മുറി വാടകയും ഡിസ്ചാർജ്ജിനു ശേഷമുള്ള ചെലവുകളും ഈ പദ്ധതിയിൽ ഉൾപ്പെട്ടില്ല.
ശസ്ത്രക്രിയക്ക് ശേഷം സ്വീകർത്താവ് സ്ഥിരമായി കഴിക്കേണ്ട ജീവൻ രക്ഷാമരുന്നുകൾ സ്നേഹസ്പർശത്തിൻ്റെ തന്നെ നിലവിലുള്ള മറ്റൊരു പദ്ധതി പ്രകാരം എല്ലാമാസവും സൗജന്യമായി തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന വീട്ടിലെത്തിച്ചു നൽകും. അപേക്ഷാ ഫോറങ്ങൾ www.snehasparsham.com എന്ന വെബ് സൈറ്റിലോ സ്നേഹസ്പർശം ഓഫീസിൽ നിന്ന് നേരിട്ടോ ലഭിക്കും.
2012 ലാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്നേഹസ്പർശം പദ്ധതി ആരംഭിച്ചത്. ഡയാലിസിസിന് ധനസഹായം, വൃക്ക ലിവർ മാറ്റി വെച്ചവർക്ക് മാസം തോറും സൗജന്യ ജീവൻ രക്ഷാ മരുന്ന്, വൃക്ക - ജീവിത ശൈലി രോഗനിർണ്ണയത്തിന് മെഡിക്കൽ ക്യാമ്പുകളും ബോധവൽക്കരണവും, മാസിക രോഗികൾക്ക് സൗജന്യ ചികിത്സയും മരുന്നും, ആരും നോക്കാനില്ലാത്ത HIV ബാധിതർക്ക് എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുള്ള കെയർ സെൻ്റർ എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളുമായി ജീവകാരുണ്യ പ്രപർത്തന രംഗത്ത് സജീവമാണ് സ്നേഹസ്പർശം.
മുൻ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും നിലവിലെ കൊയിലാണ്ടി എംഎൽഎയുമായ ശ്രീമതി കാനത്തിൽ ജമീലയുടെ നേതൃത്വത്തിലായിരുന്നു ജില്ലയിലെ കിഡ്നി രോഗികളെ സഹായിക്കാൻ 'സ്നേഹസ്പർശം ' രൂപീകരിക്കുന്നത്.