•   Friday, 08 Nov, 2024

കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ലഹരി വിമുക്ത കേരളം

Generic placeholder image
  vellcast admin

കോഴിക്കോട് : കേരളത്തിൽ ഉയർന്നുവരുന്ന ലഹരി ഉപയോഗത്തിനെതിരെ പ്രതികരണവുമായി കാലിക്കറ്റ് ചേമ്പർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി. കഴിഞ്ഞദിവസം നടന്ന പത്രസമ്മേളനത്തിൽ ലഹരി ഉപയോഗം കുറയ്ക്കേണ്ടതിനെ പറ്റിയുള്ള ആവശ്യകതയെ കുറിച്ച് ഇവർ സംസാരിച്ചു. കേരളത്തിൽ ദിനംപ്രതി മയക്കുമരുന്നിന്റെയും പലതരത്തിലുള്ള ലഹരിപദാർത്ഥങ്ങളുടെയും ഉപയോഗം കൂടി വരികയാണ്. കേരളത്തിൽ കഴിഞ്ഞ മൂന്നു വർഷത്തിനിടെ പിടിച്ച എംഡിഎംഎയുടെ കണക്ക് 1600 മടങ്ങ് കൂടി. നഗരങ്ങളിൽ നിന്നും മയക്കുമരുന്നിന്റെ ഉപയോഗം ചെറു ഗ്രാമങ്ങളിലേക്ക് കൂടി വ്യാപിക്കുകയാണ്. പത്രസമ്മേളനത്തിൽ പങ്കെടുത്തവർ കേരളം പഞ്ചാബ് പോലെ ആകുമോ എന്നുള്ള ആശങ്കയും പ്രകടിപ്പിച്ചു. കേരളത്തിൽ വളർന്നുവരുന്ന ലഹരി മരുന്ന് ഉപയോഗത്തിനെതിരെയാണ് ഇപ്പോൾ ലഹരി വിമുക്ത പരിപാടിയുമായി കാലിക്കറ്റ് ചേമ്പർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി രംഗത്ത് എത്തിയിരിക്കുന്നത്.

ലഹരി വിമുക്ത ദിനമായ ജൂൺ 26ന് മുന്നോടിയായാണ് പത്രസമ്മേളനം വിളിച്ച് ലഹരി വിമുക്ത പരിപാടിയുമായി മുന്നോട്ടേക്ക് പോകുന്ന വിവരം കാലിക്കറ്റ് ചേംബർ ഓഫ്  കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി അറിയിച്ചത്. പരിപാടിയുടെ തുടക്കം എന്ന വണ്ണം ജൂലൈ ഒമ്പതാം തീയതി ചേമ്പർ ഭാവനിൽ എല്ലാവരെയും വിളിച്ചു കൂട്ടി ഒരു യോഗം ചേരും. പരിപാടിയിലേക്ക് പോലീസ് എക്സൈസ്, RTO, ഫോറസ്റ്റ്, ലേബർ, കസ്റ്റംസ് തുടങ്ങിയ  ഉത്തരവാദിത്തപ്പെട്ട ആളുകളെയും മാത്രമല്ല വിവിധ സർക്കാർ സംവിധാനങ്ങളെയും, സ്കൂൾ കോളേജ് വിദ്യാർത്ഥികളെയും, ഹോസ്റ്റൽ അധികൃതരെയും, വ്യാപാര സംഘടനകളെയും യോഗത്തിൽ ക്ഷണിച്ചിട്ടുണ്ട്. എല്ലാവരുടെയും പങ്കാളിത്തം ലഹരി മരുന്നിന്റെ ഉപയോഗം കേരളത്തിൽ കുറക്കാൻ തക്കവണ്ണമായ കാരണമാകും എന്ന പ്രതീക്ഷയിലാണ് കാലിക്കറ്റ് ചേമ്പർ ഓഫ് കൊമേഴ്സ് ആൻഡ്  ഇൻഡസ്ട്രി.

പരിപാടിക്ക് മുന്നോടിയായി കോഴിക്കോട് എൻ ഐ ടി  പരിപാടികളെ പറ്റിയുള്ള ഒരു രൂപരേഖ തയ്യാറാക്കും. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി, ജൂനിയർ ചേമ്പർ ഇന്റർനാഷണൽ, ലയൺസ്,  റോട്ടറി എന്നിവരും ലഹരി വിമുക്ത പരിപാടികളോട് സഹകരിക്കും. എൻ ഐ റ്റി, കെ എം സി ടി, എം ഇ എസ്, എം എസ് എസ്, തണൽ  എന്നിവരും പരിപാടികളോട് സഹകരിക്കും.

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ മുന്നോടിയായി ചേമ്പർ അംഗങ്ങൾക്കും സ്ഥാപനങ്ങൾക്കും ജോലിക്കാർക്കും മറ്റ്  വ്യാപാര സ്ഥാപനങ്ങളിലും കൃത്യമായ ലഹരി വിരുദ്ധ രൂപരേഖയും ലഹരി വിരുദ്ധ സത്യവാങ്മൂലവും നിർബന്ധമാക്കും. മാത്രമല്ല ലഹരിയുമായി ഏതെങ്കിലും വിധത്തിലുള്ള സമ്പർഗം ആർക്കെങ്കിലും ഉണ്ടായി എന്നറിഞ്ഞാൽ അവരുടെ മെമ്പർഷിപ്പും കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി റദ്ദാക്കും. മാത്രമല്ല ഇവർ ആന്റി ഡ്രഗ് ടാസ്ക് ഫോഴ്സും രൂപീകരിച്ചിട്ടുണ്ട്.

പത്രസമ്മേളനത്തിൽ സുബൈർ കൊളക്കാടൻ, സിറാജുദ്ദീൻ എല്ലതൊടി, ടിപി അഹമ്മദ് കോയ, എം മൂസമ്മിൽ,വിശോബ് പി, അബ്ദുള്ളക്കുട്ടി എപി, റാഫി പി ദേവസി, ഡോക്ടർ കെ മൊയ്തീൻ, രാധാകൃഷ്ണൻ ടി കെ, ഫൈസൽ സമാൻ, ആസിഫ് പി എ തുടങ്ങിയവർ പങ്കെടുത്തു.

 

Comment As:

Comment (0)