വികസനരേഖ പുറത്തിറക്കി; റെയ്ല്‍വേ ലൈനും ടൂറിസവും ആവശ്യം


കുറ്റ്യാടി: റെയിൽവേവ ലൈനും ടൂറിസം ഡെസ്റ്റിനേഷനും ഉള്‍പ്പെടെ വിശാല ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന മലബാര്‍ ഡെവലപ്‌മെന്റ് ഫോറം കുറ്റ്യാടി ചാപ്റററിന്റെ വികസനരേഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രകാശനം ചെയ്തു. കുറ്റ്യാടി മുന്‍സിപ്പാലിറ്റി, കോച്ചിങ് സെന്റര്‍, ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്,സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്,ഹെല്‍ത്ത് ഹബ്ബ്,പഴശി മ്യൂസിയം ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളും വികസനരേഖ മുന്നോട്ടുവെക്കുന്നു.
കുറ്റ്യാടിയെ കോഴിക്കോടുമായും തലശേരിയുമായും ഒരേസമയം ബന്ധിപ്പിക്കുന്ന റെയ്ല്‍വേ ലൈനാണ് വികസനരേഖ മുന്നോട്ടുവെക്കുന്നത്. മീന്‍തുള്ളിപ്പാറ, ജാനകിക്കാട്, ചാപ്പന്‍തോട്ടം, ചുരംവ്യൂപോയിന്റ്, ഉറിതൂക്കിമല, റിവര്‍ ടൂറിസം,വേളം ആയഞ്ചേരി കോള്‍നിലങ്ങള്‍ ഉള്‍പ്പെടെ ടൂറിസം രൂപ രേഖയില്‍ വരുന്നു. അടുത്ത പ്രദേശങ്ങളായ ചെറിയകുമ്പളം, അടുക്കത്ത്,തളീക്കര, കുളങ്ങരത്താഴ തുടങ്ങിയവകൂടി ഉള്‍പ്പെടുത്തി ടൗണിനെ വികസിപ്പിച്ച് മുന്‍സിപ്പാലിറ്റിയായി ഉയര്‍ത്താന്‍ രേഖ ശുപാര്‍ശ ചെയ്യുന്നു.
വികസന സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിന് പിന്തുണ നൽകുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ആദ്യഘട്ടമെന്ന നിലയില്‍ ടൂറിസത്തിന് മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എം.ഡി.എഫ്.ചാപ്റ്റര്‍ പ്രസിഡന്റ് ജമാല്‍ പാറക്കല്‍ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ, എം.ഡി.എഫ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുറഹിമാന്‍ എടക്കുനി,ഒ.വി ലത്തീഫ്,എന്‍.പി സക്കീര്‍, വി.പി സന്തോഷ് കുമാര്‍, സന്ധ്യ കരണ്ടോട്, മേനിക്കണ്ടി അബ്ദുല്ല, എം.ഷഫീഖ് മാസ്റ്റര്‍, ഹരീന്ദ്രന്‍ ഗംഗ,വി. നാണു തുടങ്ങിയവര്‍ സംസാരിച്ചു.