•   Friday, 08 Nov, 2024

ബെയിലി പാലം: അടിയന്തര സാഹചര്യങ്ങളിലെ നിർണായക നിർമ്മാണം

Generic placeholder image
  vellcast admin

വയനാട്ടിൽ ഇപ്പോൾ നിലവിലുള്ള നിർണായക സാഹചര്യത്തിൽ ഏറെ ഉപകാരപ്രദമാകുന്നത് ബെയിലി പാലമാണ്. ദുരന്തമുഖത്ത് നിലവിൽ ഉണ്ടായ കോൺക്രീറ്റ് പാലം ഒലിച്ചു പോയപ്പോൾ നമ്മളുടെ മിലിട്ടറി ഫോഴ്സ് പണ്ടുമുതൽ നിലവിലുള്ള ബെയിലി പാലം നിർമ്മിച്ച് ദുസഹമായ യാത്ര എളുപ്പമാക്കി. ചൂരൽമലയെ  പുറം ലോകത്തോട് ബന്ധിപ്പിച്ചിരുന്ന കോൺക്രീറ്റ് പാലമാണ് ഒലിച്ചു പോയത്. ഇപ്പോൾ രക്ഷാപ്രവർത്തനം നടക്കുന്നത് മിലിറ്ററി നിർമ്മിച്ച ബെയിലി പാലത്തിലൂടെയാണ്. 

വലിയ ചരിവുള്ള ദുർഘടമായ പ്രദേശങ്ങളിൽ അടിയന്തരമായി പണിയുന്ന പാലമാണ് ബെയിലി പാലം (Bailey Bridge). ദുരന്തനിവാരണത്തിനും സൈനികാവശ്യങ്ങൾക്കുമാണ് ഇത്തരം പാലം നിർമ്മിക്കുന്നത്. മുമ്പുതന്നെ നിർമ്മിച്ചുവച്ച ഭാഗങ്ങൾ പെട്ടെന്നുതന്നെ ഇത് പണിയേണ്ട സ്ഥലത്തെത്തിച്ച് കൂട്ടിച്ചേർത്താണിതു നിർമ്മിക്കുന്നത്.

 

കേരളത്തിലെ ആദ്യ ബെയിലി പാലം

 

ഇന്ത്യയിൽ ആദ്യമായി സിവിലിയൻ ആവശ്യങ്ങൾക്കായി ബെയിലി പാലം പമ്പാ നദിക്കു കുറുകെ കേരളത്തിലെ പത്തനംതിട്ടയിലെ റാന്നിയിലാണ് നിർമ്മിച്ചത്. 36 വർഷം പഴക്കമുള്ള റാന്നി പാലം തകർന്നപ്പോൾ, 1996 നവംബർ 8-നാണ് സൈന്യം ബെയിലി പാലം നിർമ്മിച്ചത്. അടുത്ത രണ്ടു മാസത്തേയ്ക്ക് ഈ പാലത്തിലൂടെ ഭാരം കുറഞ്ഞ വാഹനങ്ങൾ നദിക്ക് കുറുകെക്കടന്നിരുന്നു. 

 

ലഡാക്കിലെ ബെയിലി പാലം

 

ഇന്ത്യയിൽ സൈനികാവശ്യത്തിനായി ആദ്യമായി ബെയിലി പാലം നിർമ്മിച്ചത് കശ്മീരിലാണ്. ലഡാക്കിലെ ദ്രാസ് നദിക്കും സുറു നദിക്കും ഇടയിൽ നിർമ്മിച്ച ഈ പാലം 30 മീറ്റർ നീളമുണ്ട്. ഇത് 5,602 മീറ്റർ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. 1942ൽ രണ്ടാം ലോകമഹായുദ്ധസമയത്ത് ബ്രിട്ടിഷ് സൈന്യത്തിന് വേണ്ടി ഡൊണാൾഡ് ബെയിലിയാണ് ആദ്യമായി ഇത്തരം പാലം ഉണ്ടാക്കിയത്. 

 

ബെയിലി പാലത്തിന്റെ പ്രത്യേകതകൾ

 

വിവിധ ഗുണങ്ങളുള്ള ബെയിലി പാലങ്ങൾ നിർമ്മിക്കാൻ പ്രത്യേക ഉപകരണങ്ങളോ യന്ത്രങ്ങളോ ആവശ്യമില്ല. തടിയും സ്റ്റീലും കൊണ്ടുള്ള ചെറുഭാഗങ്ങൾ കൈകൊണ്ടുതന്നെ കൂട്ടിച്ചേർക്കാം. ക്രൈനിന്റെ ആവശ്യമില്ലാതെ തന്നെ ഭാരം കൂടിയ ടാങ്കുകളെ പോലും ഇതിലൂടെ കൊണ്ടുപോകാം. സിവിൽ എഞ്ചിനീയറിങ്ങിൽ താത്കാലിക പാലങ്ങൾ നിർമ്മിക്കാൻ ഇവ വ്യാപകമായി ഉപയോഗിക്കുന്നു.

 

 പാലത്തിന്റെ ചരിത്രം 

 

ഡൊണാൾഡ് ബെയിലിയാണ് ആദ്യമായി ഇത്തരമൊരു പാലം നിർമ്മിച്ചത്. രണ്ടാം ലോകമഹായുദ്ധസമയത്ത് ബ്രിട്ടന്റെ ടാങ്കുകൾക്ക് ദുർഘടമായ മലനിരകൾ കടന്നുപോകാൻ സഹായകമായിരുന്നു ഈ പാലം. 1941-1942 കാലഘട്ടത്തിൽ മിലിറ്ററി എഞ്ചിനീയറിങ്ങ് എക്സ്പെരിമെന്റൽ ഏസ്റ്റാബ്ലിഷ്മെന്റിൽ പരീക്ഷണം നടത്തി. ആദ്യമായി ഇത് ബ്രിട്ടനിലെ അവോൺ നദിക്കു സമീപം നിർമ്മിച്ചു. കോർപ്സ് ഓഫ് റോയൽ മിലിറ്ററി എഞ്ചിനീയേഴ്സിനായി ഇത് 1942-ൽ ഉത്തര ആഫ്രിക്കയിൽ ഉപയോഗിച്ചു. 

ബെയിലിക്ക് തന്റെ കണ്ടുപിടിത്തത്തിന് പ്രഭുപദവി ലഭിച്ചു. ഈ കണ്ടുപിടുത്തം ഇന്നും ലോകത്ത് പല നിർണായക ഘട്ടങ്ങളിലും സഹായകരമായി തുടർന്നുകൊണ്ടിരിക്കുകയാണ്. അതിന് ഏറ്റവും പുതിയ ഉദാഹരണമാണ് നമ്മുടെ കൊച്ചു കേരളത്തിലെ വയനാട്ടിലും നമ്മൾ കാണുന്നത്.

 

Comment As:

Comment (0)