•   Monday, 06 May, 2024

ICF Gulf Council

Generic placeholder image
  vellcast admin

ഐ സി എഫ് നാഷനൽ കമ്മിറ്റി സിറാജ് ദിനപത്രത്തിൻറെ സഹകരണത്തോടെ സംഘടിപ്പിച്ച യു എ ഇ യുടെ 49 മത് ദേശീയദിനാഘോഷ പരിപാടി പ്രൗഢമായി. ജന്മനാനാടിനോടൊപ്പം അന്നം തരുന്ന നാടിനോടുമുള്ള സ്നേഹപ്രകടനമായി നടത്തിയ ആഘോഷ പരിപാടികൾക്ക് ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ പതിനായിരങ്ങൾ പങ്കാളികളായി.

ഇന്നലെ വൈകിട്ട് 5.45 നു ആരംഭിച്ച ആഘോഷ പരിപാടിയിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

വിശുദ്ധ ഖുർ ആൻ പരായണത്തോടെയും ദേശീയ ഗാനാലാപനത്തോടെയും സമാരംഭിച്ച പരിപാടിയിൽ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി. ജന്മനാടിനെപ്പോലെതന്നെ ജീവിതായോധനം നൽകുന്ന ഇമാറാത്തിനെ നെഞ്ചിലേറ്റുന്നവരാണ് മലയാളികൾ എന്ന് അടിവരയിടുന്നതായി പരിപാടി.  ദേശീയ ദിനാഘോഷ പരിപാടികളിൽ ഏറ്റവും വലുതാണ് ഐ സി എഫ് ഒരുക്കിയ പരിപാടിയെന്ന് പങ്കെടുത്തവർ വിലയിരുത്തുകയുണ്ടായി.

ജീവിത സന്ധാരണത്തിനു വഴിതുറന്ന് വിദേശീ സമൂഹത്തിനു എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയ രാജ്യത്തോടുള്ള നന്ദി പ്രകാശനമാണ് ഈ ആഘോഷമെന്ന് പ്രസംഗകർ ഓർമിപ്പിച്ചു.

കേരളത്തെ ഹൃദയത്തോട് ചേര്‍ത്തു നിറുത്തിയ രാജ്യമാണ് യു എ ഇ: മുഖ്യമന്ത്രി

കേരളത്തെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച രാജ്യമാണ് യു എ ഇ എന്നും  പ്രവാസികളെ ആദരവോടെ കാണുന്ന ആ രാജ്യത്തോട് ഓരോ മലയാളിക്കും കടപ്പാടുകള്‍ ഉണ്ടെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യ – യു എ ഇ ബന്ധത്തെ സൗഹൃദപരവും ഊഷ്മളവും ആക്കുന്നതില്‍ വലിയ പങ്കാണ് ഒന്നര പതിറ്റാണ്ടായി യു എ ഇയില്‍ പ്രവര്‍ത്തിക്കുന്ന സിറാജും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ സി എഫും നിർവഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മലയാളികളുടെ രണ്ടാം വീടാണ് ഗള്‍ഫ്. ഓരോ പ്രതിസന്ധി ഘട്ടത്തിലും മലയാളികളെ സഹായിക്കാന്‍ യു എ ഇ സന്നദ്ധമായത് മറക്കാനാവില്ല. പ്രളയ സമയത്ത് വലിയ സഹായവുമായി വന്നതും, ഷാര്‍ജ ജയിലില്‍ കുടുങ്ങിയവര്‍ക്കു മോചനം നല്കിയതുമെല്ലാം കേരളം എന്നും ഓര്‍ക്കും. കേരളത്തിന്റെ ആധുനികവത്കരണത്തില്‍ യു എ ഇയിലേക്കുള്ള കുടിയേറ്റം വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും ഇന്ത്യയും യു എ ഇ യും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമായി മുന്നോട്ട് പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ധര്‍മവും നീതിയും ഐക്യബോധവുമാണ് യു എ ഇയുടെ വിജയ നിദാനമെന്ന് ഇന്ത്യൻ ഗ്രാൻ്റ് മുഫ്തിയും സിറാജ് ചെയര്‍മാനുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ രാഷ്ട്രത്തെ സര്‍വതോന്മുഖമായ പുരോഗതിയിലേക്ക് കൈപ്പിടിച്ചുയര്‍ത്തിയത് മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ്. ധിഷണാപരമായ നേതൃത്വത്തിലൂടെ രാജ്യത്തെ ലോകത്തിന്റെ നെറുകയിലേക്കുയര്‍ത്താന്‍ അദ്ദേഹത്തിനായി.

പാവങ്ങളോടുള്ള കരുണയും സ്‌നേഹവും സഹിഷ്ണുതാപൂര്‍വവുമായ സമീപനമാണ് യു എ ഇയിലെ ഭരണാധികാരികള്‍ കൈക്കൊള്ളുന്നത്. അതുകൊണ്ടുതന്നെയാണ് ഇമാറാത്തിന്റെ ദേശീയദിനം സ്വദേശികള്‍ക്ക് മാത്രമല്ല, വിദേശികള്‍ക്കും ആഹ്ലാദ മുഹൂര്‍ത്തമാകുന്നത്. ഈ രാജ്യത്ത് വന്ന് തൊഴിലെടുത്തും ബിസിനസ് ചെയ്തും ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് അതിൻ്റെ ഗുണം പ്രസരണം ചെയ്യുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവിടുത്തെ ഭരണാധികാരികളുടെ ശ്രദ്ധയും പരിചരണവുമെത്തുന്നു. അതിനുള്ള കടപ്പാടും നന്ദിയും അറിയിക്കേണ്ടതുണ്ട്. ഗുണം ചെയ്തവർക്ക് നന്ദി ചെയ്യൽ നിർബന്ധമാണ്.

പ്രവാസികളെ വളരെ സൗഹൃദത്തോടെ സ്വീകരിക്കുകയും അവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുകയും ചെയ്യുന്ന യു എ ഇയുടെ സൗഹൃദപരവും മാനുഷികതയിലൂന്നിയതുമായ സമീപനം ലോകത്തിന് മാതൃകയാണ്. അദ്ദേഹം പറഞ്ഞു

പത്മശ്രീ എം.എ യൂസുഫലി മുഖ്യപ്രഭാഷണം നടത്തി. യു എ ഇ യില്‍ എല്ലാ തരത്തിലും കച്ചവടം ചെയ്യാനും അതില്‍ നിന്ന് ലഭിക്കുന്ന വരുമാനം നമ്മുടെ രാജ്യത്തു ചിലവഴിക്കാനും അനുവദിക്കുന്ന സര്‍ക്കാറാണ് യു എ ഇയിലേത്. വലിയ ഇന്‍വെസ്റ്റ് നടത്താനും, ദീര്ഘകാലാടിസ്ഥാനത്തില്‍ അവ പ്രവര്‍ത്തിക്കാനും അനുവാദം നല്‍കുന്ന യു എ ഇ സര്‍ക്കാര്‍ ഓരോ പ്രവാസിക്കും നല്‍കുന്ന ആത്മവിശ്വാസം വലുതാണ്. പ്രളയമുണ്ടായപ്പോള്‍ സ്വന്തം ജനതയെ പോലെ മലയാളികളെ കണ്ടവരാണ് യു എ ഇ ഭരണാധികാരികള്‍. അതിനാല്‍, യു എ ഇയുടെ അഭിവൃദ്ധിക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ടതും പ്രാര്‍ഥിക്കേണ്ടതും ഓരോ പ്രവാസി മലയാളിയുടെയും കടമയാണെന്നും പത്മശ്രീ എം എ യൂസുഫലി പറഞ്ഞു.

എസ് വൈ എസ് സംസ്ഥാന വൈ പ്രസിഡൻ്റ് മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം സമാപന പ്രസംഗം നടത്തി. ആയിരങ്ങൾ പങ്കാളികളായ സമ്മേളനത്തിൽ

യു എ ഇ യിലെയും വിവിധ സാമൂഹ്യ സാംസ്‌കാരിക നായകന്മാരും സ്ഥാപന സാരഥികളും പ്രാസ്ഥാനിക നേതാക്കളും സംബന്ധിച്ചു. ഐ സി എഫ് ഗൾഫ് കൗൺസിൽ ജനറൽ സെക്രട്ടറി മമ്പാട് അബ്ദുൽ അസീസ് സഖാഫി, കെ എം സി സി യു എ ഇ പ്രസിഡൻ്റ് പുത്തൂർ റഹ് മാൻ, അൽ ഐൻ ഐ എസ് സി പ്രസിഡണ്ട് മുബാറക്, ഹമീദ് പരപ്പ പ്രസംഗിച്ചു.

ഡോ. മുഹമ്മദ് കാസിം, അബ്ദുറഹ്മാൻ അബ്ദുല്ല ഹാജി ബനിയാസ് സ്പൈക്, ഡോ. പി ബാവ ഹാജി, ലോക കേരള സഭാംഗങ്ങളായ ബീരാൻ കുട്ടി, സൈമൺ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻ്റ് ഇ പി ജോൺസൺ, അബുദാബി കേരള സോ ഷ്യൽ സെന്റർ പ്രസിഡന്റ് കൃഷ്ണ കുമാർ ഐ സി എഫ് ഭാരവാഹികളായ മുസ്തഫ ദാരിമി കടാങ്കോട്, മഹ്മൂദ് ഹാജി ഉമ്മുൽ ഖുവൈൻ, ഹമീദ് ഈശ്വരമംഗലം, ശരീഫ് കാരശ്ശേരി, ഉസ്മാൻ സഖാഫി തിരുവത്ര, ബസ്വീർ സഖാഫി പുന്നക്കാട്, സമീർ അവേലം, എ കെ അബ്ദുൽ ഹകീം, നാസർ കൊടിയത്തൂർ, ആസിഫ് മൗലവി, സി എം എ കബീർ മാസ്റ്റർ സാബിത് പി വി, മുഹമ്മദ് മാസ്റ്റർ, മുസ്തഫ ദാരിമി വിളയൂർ, ആർ എസ് സി ഗൾഫ് കൗൺസിൽ ചെയർമാൻ അബുബക്കർ അസ്ഹരി, അബ്ദുൽ ജലീൽ നിസാമി (കെ സി എഫ് ) തുടങ്ങിയവർ പങ്കെടുത്തു.

 

Comment As:

Comment (0)