•   Friday, 03 May, 2024
Helping hands Neuro Rehab project Kozhikode

ഹെൽപിങ്‌ ഹാൻഡ്സ് ന്യുറോ റിഹാബ് പദ്ധതി ഉദ്ഘാടനം നാളെ

Generic placeholder image
  vellcast admin

കോഴിക്കോട്: രോഗങ്ങളും അപകടങ്ങളും കാരണം ശരീരത്തിന്റെ ചലന ശേഷി ഭാഗികമായോ പൂർണ്ണമായോ തളർന്ന് പോയ നിരവധി മനുഷ്യർ നമുക്ക് ചുറ്റിലും ഹതഭാഗ്യരായി കഴിയുന്നുണ്ട്. ജീവിത വഴിയിൽ കാലിടറിപ്പോയ കൂടപ്പിറപ്പുകൾക്ക് കരുതൽ കരങ്ങളൊരുക്കി സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനായുള്ള പ്രത്യേക പദ്ധതി യാഥാർത്ഥ്യമാകുന്നു. കോഴിക്കോട് ആസ്ഥാനമായി കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലമായി ജീവകാരുണ്യ പ്രവർത്തന രംഗത്ത് മഹത്തായ സേവനം നിർവ്വഹിച്ചു വരുന്ന ഹെൽപിങ്‌ ഹാൻഡ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആമുഖ്യത്തിലാണ് 'ന്യൂറോ റിഹാബ്' പദ്ധതി യാഥാർത്ഥ്യമാവുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ശരീരം തളർന്ന് പരസഹായമില്ലാതെ മലമൂത്ര വിസർജനം പോലും സാധ്യമല്ലാത്ത പരശ്ശതം മനുഷ്യർ ജീവിത സ്വപ്നങ്ങൾ തകർന്ന് നാല് ചുമരുകൾക്കുള്ളിൽ നിസ്സഹായരായി നമുക്കുചുറ്റും കഴിയുന്നുണ്ട് . ഇത്തരം മനുഷ്യർക്ക് തികച്ചും സൗജന്യമായി ശാസ്ത്രീയമായ ചികിൽസയും നിരന്തരമായ പരിശീലനവുമൊരുക്കാനാണ് ന്യൂറോ റിഹാബ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ പ്രഥമഘട്ടമെന്ന നിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസിനരികിൽ സ്ഥിതി ചെയ്യുന്ന കെയർ ഹോമിൽ ഒരു നില പൂർണ്ണമായും ന്യൂറോ റിഹാബിനായി സജ്ജീകരിച്ചിട്ടുണ്ട്. രണ്ട് വർഷത്തെ നിരന്തരമായ പഠനത്തിനും മൂന്ന് മാസത്തെ പരിശീലത്തിനും ശേഷമാണ് ന്യൂറോ റിഹാബ് പദ്ധതിയുടെ ആദ്യഘട്ടം പ്രവർത്തന സജ്ജമാക്കിയത്.

നട്ടെല്ലിന് ക്ഷതമേറ്റ് ശരീരം തളർന്നിട്ടും മനസ്സ് തളരാതെ, വീടുകളിൽ ഒതുങ്ങിക്കൂടാതെ അംഗപരിമിതിയെ മറികടന്ന് സ്വയം വളർന്നും മറ്റുള്ളവരെ വളർത്തിയും മുന്നേറുന്ന അബ്ദുള്ള കാട്ടുകണ്ടി, റഫീസ് ഹിദായ, അഡ്വ. സംഗീത ഹരി, ബഷീർ മമ്പുറം എന്നീ നാല് പേർ ചേർന്നാണ് ഞായറാഴ്ച്ച രാവിലെ 10 മണിക്ക് ന്യൂറോ റിഹാബ് പ്രോഗ്രാം ഉദ്ഘാടനം നിർവ്വഹിക്കുന്നത്.

ന്യൂറോ റിഹാബ് സെന്റർ ഉദ്ഘാടനം മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദും, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ റിഹാബ് പദ്ധതി പ്രഖ്യാപനം പി.കെ. ഗ്രൂപ്പ് ചെയർമാൻ പി.കെ അഹമ്മദും ന്യൂറോ റിഹാബ് പ്രോഗ്രാമിന്റെ വെബ് സൈറ്റ് ലോഞ്ചിങ് പാരിസൺസ് എം.ഡി എൻ.കെ മുഹമ്മദലിയും നിർവ്വഹിക്കും.

വാർത്താ സമ്മേളനത്തിൽ ചെയർമാൻ കെ. എം അഷറഫ്, വൈസ് ചെയർമാൻ കെ.പി ഹനീഫ, സെക്രട്ടറി എം.കെ നൗഫൽ, എഞ്ചിനീയർ മിറാഷ്, സലീം എം.എസ്, സിദ്ധീഖ് തിരുവണ്ണൂർ എന്നിവർ സംബന്ധിച്ചു.

      

      

Comment As:

Comment (0)