വേൾഡ് മലയാളീ കൗൺസിൽ (WMC) 13 മത് ബയനിയൽ ഗ്ലോബൽ കോൺഫറൻസിൽ കോഴിക്കോട് ഐ എ ജി യുടെയും യുവ ജനങ്ങളുടെയും പ്രവർത്തനങ്ങൾ അവതരിപ്പിച്ചത് ശ്രദ്ധേയമായി
ബഹ്‌റൈൻ ഡിപ്ലോമാറ്റ് റാഡിസൺ ബ്ലൂ ഹോട്ടലിൽ നടന്ന വേൾഡ് മലയാളീ കൗൺസിൽ (WMC) 13 മത് ബയനിയൽ ഗ്ലോബൽ കോൺഫറൻസിൽ ഇന്ത്യൻ അംബാസിഡർ HE ശ്രീ പിയൂഷ് ശ്രീവാസ്‌തവ, കേരള വനംവകുപ്പ് മന്ത്രി ശ്രീ ശശീന്ദ്രൻ, ശ്രീ ഇ ടി മുഹമ്മദ് ബഷീർ എം പി എന്നിവർ സംബന്ധിച്ചു. 1995 ന് അമേരിക്കയിലെ ന്യൂ ജേഴ്‌സിയിൽ ആരംഭിച്ച വേൾഡ് മലയാളീ കൗൺസിലിന്റെ ഗ്ലോബൽ കോൺഫറൻസിൽ അൻപതോളം രാജ്യങ്ങളിൽ നിന്നുള്ള മലയാളികൾ പങ്കെടുത്തു.
യുവജനങ്ങളും സാമൂഹ്യ പ്രതിബദ്ധതയും എന്ന വിഷയത്തിൽ പാനൽ ചർച്ച നടന്നു. ഇന്ത്യ റീജിയനെ പ്രതിനിധീകരിച്ച് കൊണ്ട് കോഴിക്കോട് ഐ എ ജി മെമ്പറായ WMC നോർത്ത് കേരള പ്രൊവിൻസിലെ അംഗവും WMC ഇന്ത്യ റീജിയൻ ജനറൽ സെക്രട്ടറിയുമായ ഡോ.അജിൽ അബ്ദുള്ള സംസാരിച്ചു.
പ്രേംജിത് വലിയവീട്ടിൽ (ജനറൽ സെക്രട്ടറി ബഹ്‌റൈൻ പ്രൊവിൻസ്), ഡോ.ജെറോ വർഗീസ് (ജനറൽ സെക്രട്ടറി, മിഡിൽ ഈസ്റ്റ് റീജിയൻ),പിന്റോ കണ്ണമ്പള്ളി ( ജനറൽ സെക്രട്ടറി, അമേരിക്ക റീജിയൻ) എന്നിവരും അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. ഒമാൻ പ്രൊവിൻസ് പ്രസിഡന്റ് സാം ഡേവിഡ് മാത്യു മോഡറേറ്റർ ആയിരുന്നു. നിയുക്ത ഗ്ലോബൽ വൈസ് പ്രസിഡന്റ് കണ്ണു ബക്കർ ഇവാലുവേറ്റർ ആയിരുന്നു.
നമ്മുടെ യുവ സമൂഹം മൊബൈലിലും മറ്റുമായി മുഴുകാതെ ചുറ്റും നടക്കുന്നതൊക്കെ അറിഞ്ഞു കൊണ്ട് ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തി മുമ്പോട്ട് വരണമെന്ന് മറ്റു പാനലിസ്റ്റുകൾ പറഞ്ഞപ്പോൾ നിപ്പയിലും വെള്ളപ്പൊക്കത്തിലും കോവിഡിലും കോഴിക്കോട് ജില്ലയിലെ യുവജനങ്ങൾ ഐ എ ജി വഴിയും അവരുടെ സന്നദ്ധ സംഘടനകൾ വഴിയും ചെയ്ത പ്രവർത്തനങ്ങളുടെ ഫോട്ടോകളും വിവരണങ്ങളും നൽകി കൊണ്ട് യുവാക്കളിലെ സാമൂഹ്യ പ്രതിബദ്ധത തുറന്നു കാട്ടി ഐ എ ജി കൺവീനർ ഡോ. അജിൽ സംസാരിച്ചത് ഏറെ ശ്രദ്ധ പിടിച്ച് പറ്റി. കോഴിക്കോടിന്റെ പ്രവർത്തനങ്ങൾ ഈ ചർച്ചയിലൂടെ അൻപതോളം രാജ്യങ്ങളിൽ നിന്നുള്ള മലയാളികളുടെ മുമ്പിൽ എത്തിക്കാൻ സാധിച്ചു.
WMC ഗ്ലോബൽ യൂത്ത് ഫോറം ചെയർമാൻ റെജി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങ് നിയുക്ത ഗ്ലോബൽ ചെയർമാൻ ശ്രീ. ഗോപാല പിള്ള (യൂ എസ് എ ) ഉദ്ഘാടനം ചെയ്തു. യുവജനങ്ങൾക്ക് സേവനം ചെയ്യാനുള്ള മനോഭാവം ഉണ്ടാക്കിയെടുക്കേണ്ടത് സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും ആയിരിക്കണമെന്നും അതിനു മുതിർന്നവർ അവർക്ക് വഴികാട്ടണമെന്നും വിശിഷ്ടാതിഥിയായ മുൻ കർണാടക ഡി ജി പിയും WMC ഇന്ത്യ റീജിയൻ ഗുഡ് വിൽ അംബാസഡറുമായ ജീജാ എം ഹരിസിങ് പറഞ്ഞു.
നിയുക്ത ഗ്ലോബൽ പ്രസിഡന്റ് ശ്രീ. ജോൺ മത്തായി (ഷാർജ), ഇന്ത്യ റീജിയൻ ചെയർപേഴ്സൺ ഡോ. കെ ജി വിജയലക്ഷ്‌മി, യൂറോപ് റീജിയൻ ചെയർമാൻ ജോളി തടത്തിൽ(ജർമ്മനി), മിഡിൽ ഈസ്റ്റ് റീജിയൻ ചെയർമാൻ രാധാകൃഷ്ണൻ തെരുവത്ത്, പ്രസിഡന്റ് ഷൈൻ ചന്ദ്രസേനൻ, കോൺഫറൻസ് ജനറൽ കൺവീനർ അബ്രഹാം സാമുവൽ എന്നിവർ ആശംസകൾ നേർന്നു.